20 കോടി ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടു; വിരമിച്ച എ.എസ്.ഐ. രംഗത്ത്

general
February 20, 2026-ൽ പ്രസിദ്ധീകരിച്ചത്
20 കോടി ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടു; വിരമിച്ച എ.എസ്.ഐ. രംഗത്ത്

പിറവം: 20 കോടി രൂപയുടെ ക്രിസ്മസ്–പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശവാദവുമായി പിറവം പാഴൂർ സ്വദേശിയായ വിരമിച്ച എ.എസ്.ഐ. രംഗത്ത്.

പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ താമസിക്കുന്ന കെ.കെ. സജിമോൻ ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കി പോലീസിനെയും കോടതിയെയും സമീപിച്ചു. ജനുവരി 24-ന് നടന്ന നറുക്കെടുപ്പിൽ XC 138455 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

പോലീസിൽനിന്ന് വിരമിച്ചതിന് ശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ. ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പഭക്തർ തന്റെ വാഹനത്തിൽ മറന്നുവെച്ച നെയ്‌പാത്രത്തിനടിയിൽ താൻ വാങ്ങിയ ടിക്കറ്റ് സൂക്ഷിച്ചിരുന്നുവെന്നാണ് സജിമോന്റെ വാദം.

പാത്രം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് ജനുവരി 30-ന് പിറവത്തെ കൂറിയർ സ്ഥാപനത്തിൽ നിന്ന് അയച്ചു. അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുപോയെന്നാണ് പരാതി. ഫെബ്രുവരി 1-ന് ഇത് ഓർമ്മിച്ച സജിമോൻ കൂറിയർ സ്ഥാപനവുമായി ബന്ധപ്പെട്ടു പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും സാധ്യമായില്ല. ഫെബ്രുവരി 4-ന് പാത്രം വിശാഖപട്ടണത്ത് ഉടമയ്ക്ക് ലഭിച്ചു.

ഡിസംബർ 1-ന് മുണ്ടക്കയത്ത് ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പിള്ളിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും പിന്നിൽ വിലാസവും ഒപ്പും രേഖപ്പെടുത്തിയിരുന്നുവെന്നും സജിമോൻ പറഞ്ഞു.

പരാതിയെ തുടർന്ന് പിറവം പോലീസ് കൂറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സജിമോൻ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ക്യാമറയുടെ ഹാർഡ് ഡിസ്ക് പോലീസ് കോടതിയിൽ ഹാജരാക്കി.

ലോട്ടറി വകുപ്പിനെ സമീപിച്ച് ടിക്കറ്റ് പരിശോധിക്കുകയും തട്ടിപ്പ് അന്വേഷിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സജിമോൻ സമീപിച്ചു. ഇതിനിടെ, വിജയിയായ വ്യക്തി ടിക്കറ്റ് തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാക്കിയതായി സൂചനയുണ്ട്.

ഈ വാർത്ത പങ്കിടുക:

Advertisement
Logo
ആപ്പ് ഡൗൺലോഡ്
Advertisement