തൃശ്ശൂരിൽ കളർ ഫോട്ടോസ്റ്റാറ്റ് ലോട്ടറി ടിക്കറ്റ് നൽകി 15,000 രൂപ കവർന്നു; ഏജന്റിന് നഷ്ടം, സിസിടിവി ദൃശ്യം പുറത്ത്

തൃശ്ശൂർ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ഒരാളെ കബളിപ്പിച്ച് 15,000 രൂപ കവർന്നു. നാലാം സമ്മാനമായ 5,000 രൂപ അടിച്ച ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് ഏജന്റിൽ നിന്ന് പണം തട്ടിയെടുത്തത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്
തൃശ്ശൂർ കാട്ടൂർ പൊഞ്ഞനം എന്ന സ്ഥലത്താണ് കേരളാ സർക്കാർ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി നൽകി തട്ടിപ്പ് നടത്തിയത്. ലോട്ടറി ഏജന്റ് നെല്ലിപ്പറമ്പിൽ തേജസിനാണ് പണം നഷ്ടമായത്. കാട്ടൂർ ഹൈസ്കൂളിന് സമീപമുള്ള തേജസിന്റെ ലോട്ടറിക്കടയിൽ ബൈക്കിലെത്തിയ യുവാവാണ് സമ്മാനാർഹമായ ടിക്കറ്റിന്റെ കളർ കോപ്പി നൽകിയത്.
സംസ്ഥാന സർക്കാരിന്റെ സമൃദ്ധി ലോട്ടറിയുടെ 21-ാം തീയതി നറുക്കെടുത്ത മൂന്ന് ടിക്കറ്റുകളാണ് യുവാവ് നൽകിയത്. ക്യൂആർ കോഡ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ടിക്കറ്റിന് 5000 രൂപയുടെ നാലാം സമ്മാനം ലഭിച്ചതായി കാണിച്ചു. ഇതേത്തുടർന്ന് കമ്മീഷൻ തുക കുറച്ച് തേജസ് യുവാവിന് പണം നൽകി. എന്നാൽ, ടിക്കറ്റ് ഏജൻസിയിൽ കൊടുക്കാൻ പോയപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി തേജസ് അറിയുന്നത്. ലോട്ടറി ഇതിനോടകം 23-ാം തീയതി ആലപ്പുഴ ട്രഷറിയിൽ നിന്ന് മാറിക്കഴിഞ്ഞിരുന്നു. ബൈക്കിൽ എത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.



